തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകന് നിഷാദിനെ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്നുമാണ് കണ്ടെത്തിയത്. നിഷാദ് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സംവിധായകന് നിഷാദിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന് കഴിഞ്ഞ ദിവസമാണ് കുടുംബം പരാതി നല്‍കിയത്.
സംഭവത്തില്‍ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു നിഷാദിനെ ഒരു കൂട്ടം അക്രമികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറില്‍ കടത്തിക്കൊണ്ടുപോയത്. രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു.
കഴുത്തിന് പരിക്കേറ്റ അവര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് സംവിധായകനെ തട്ടിക്കൊണ്ടുപോയത്. ചിത്രം ഇറങ്ങിയതുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായി പാവറട്ടി പള്ളിയില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.
സിനിമ നിര്‍മ്മിക്കാമെന്ന് ആദ്യമേറ്റ സി. രണദേവ് എന്നയാളുമായി നിഷാദ് തര്‍ക്കത്തിലായിരുന്നു. നിഷാദിനെതിരേ രണദേവ് കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 26-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ മുന്‍ നിര്‍മ്മാതാവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച നിഷാദ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്.