വെള്ളറട: അമ്പൂരിയില്‍ കൊലപാതകത്തില്‍ വീണ്ടും നിര്‍ണായ തെളിവുകള്‍. കൊല്ലപ്പെട്ട രാഖിമോളുടെ ബാഗ് പോലീസ് കണ്ടെത്തി. കേസിലെ രണ്ടാംപ്രതി രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.
രാഖിയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി ബാഗ് പാലക്കാട്ടേക്ക് പോകുന്ന ബസില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് രാഹുല്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനേയും കൂട്ടി അന്വേഷണ സംഘം പാലക്കാട്ടേക്ക് പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബാഗ് കണ്ടെത്തിയത്.
ബസിന്റെ സീലിങ് റാക്കില്‍ കിടന്നിരുന്ന ബാഗ് ബസ് ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ സൂക്ഷിക്കുകയായിരുന്നു. ബാഗിനുള്ളില്‍ മാവുപൊടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് മണ്ഡപത്തില്‍ കടവ് കാട്ടാക്കട റോഡിലെ കുറ്റിച്ചാലില്‍ നിന്നാണ് കണ്ടെത്തിയത്.