തിരുവനന്തപുരം: പിടിച്ച് നിര്ത്താനാകാത്തവണ്ണം ഓട്ടപാച്ചിലില്‍ ആണ് സ്വര്‍ണ്ണ ലോഹം. സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പാണ് ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. പവന് ഇപ്പോള്‍ 26,800 ല്‍ എത്തി നില്‍ക്കുകയാണ്. താമസിയാതെ 27 എത്തും എന്നതില്‍ സംശയമില്ല. ഗ്രാമിന് ഇപ്പോള്‍ 3,350 രൂപയുമാണ്. വരുന്ന രണ്ട് മാസം കല്യാണ സീസണ് ആവുന്നതിനാല്‍ സ്വര്‍ണ്ണത്തിന് ഇനിയും വില ഏറുമെന്നാണ് വിവരം.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,461.02 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാനും ഇടയാക്കിയതായാണ് റിപ്പോര്‍ട്ട്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.