തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന് രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേരളാ പോലീസ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണെന്നും മുഖ്യാമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉന്നതര്‍ക്ക് നിയമത്തിനു മുന്നില്‍ പ്രത്യേക പരിഗണനയില്ലെന്നും സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ബറ്റാലിയന് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസിന്റെ ഇത്തരം നടപടികള്‍ സേനയുടെ യശസ്സ് ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൂന്നാമുറ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തി വൈരാഗ്യം തീര്‍ക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവര്‍ക്കു കേരളാപോലീസില്‍ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നല്ല രീതിയില്‍ നടന്നു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയായാല്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. ലോക്കപ്പില്‍ മനുഷ്യ വിരുദ്ധമായാതൊന്നും അനുവദിക്കില്ല. ചിലരുടെ പ്രവര്‍ത്തികള്‍ മൂലം പോലീസ് സേനയുടെ ആകെ നേട്ടങ്ങള്‍ കുറച്ചു കാണുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനം വനിതകള്‍ക്ക് വലിയതോതിലുള്ള ആദരവും അംഗീകാരവുമാണ് നല്‍കുന്നത്. വിവിധമേഖലകളില്‍ തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്.സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളാപോലീസ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ നടപടികള്‍ തുടരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.