ചാവക്കാട്: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ എസ്ഡിപിഐ പ്രവര്ത്തകന് അറസ്റ്റില്‍. മുഖ്യപ്രതിയായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന് (26) ആണ് അറസ്റ്റിലായത്. നൗഷാദിനെ വെട്ടി വീഴ്ത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി ചാവക്കാട് എസ്എച്ച്ഒ ജി ഗോപകുമാര്‍ പറയുന്നു.
സംഭവത്തിനുശേഷം കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന മുബിന് ഇന്നലെ വൈകുന്നേരം ഗുരുവായൂരില്‍ നിന്ന് പിടിയിലാവുകയായിരുന്നു. കുന്നംകുളം എസിപി ടിപി സിനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു മുബിനെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
സംഭവം നടന്ന് അഞ്ചുദിവസമായിട്ടും പ്രതികളെ പിടികൂടാനാവാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരാള്‍ അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്ക് പുന്ന സെന്ററിലെ മൈതാനത്തിലെ ഷെഡ്ഡില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണ് കൊടുവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഏഴ് ബൈക്കുകളിലെത്തിയ 14 അംഗസംഘം നൗഷാദിനെ വെട്ടി വീഴ്ത്തിയത്. ചികിത്സയിലിരിക്കെയാണ് നൗഷാദ് മരണപ്പെട്ടത്.