തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ നിര്‍ണായക സാക്ഷി മൊഴി. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ശ്രീറാം തന്നെ ആണെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഷഫീക്ക്, മണികുട്ടന് എന്നിവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അമിത വേഗത്തില്‍ എത്തിയ ശ്രീറാമിന്റെ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കെഎം ബഷീര്‍ സഞ്ചരിച്ച ബൈക്കിന് പുറകില്‍ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചതെന്നും ഓട്ടോ ഡ്രൈവറായ ഷഫീക്ക് നല്കിയ മൊഴി. വെള്ളയമ്പലത്തില് നിന്നും വരികയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് താന്‍ ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അപകടം നടക്കുമ്പോള്‍ ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചത് എന്നാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടനും പറഞ്ഞിരിക്കുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നുവെന്നും മണികുട്ടന് വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീറാണ് മരിച്ചത്.