തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ഇതാണ് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് യുഡിഎഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്, രണ്ടിലും പ്രതികള്‍ എസ്ഡിപിഐ ഭീകരരാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ഭീകരര്‍ക്കെതിരെ ഒരക്ഷരം പോലും സംസാരിക്കുന്നില്ലെന്നും, എല്ലാം സിപിഎമ്മിന്റെ തലയില്‍ ഇടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം സ്വരാജ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയാണ് എം സ്വരാജ് രംഗത്തെത്തിയത്. കൂടുതല്‍ ഒന്നും പറയുന്നില്ല, ഭാഷയ്ക്കും പരിമിതിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇതാണ് കോണ്‍ഗ്രസ് ….
എം. സ്വരാജ്
തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് യുഡിഎഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. രണ്ടിലും പ്രതികള്‍ SDPl ഭീകരരാണ്. തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. ബഹു MLA അനില്‍ അക്കരയുടേതായി ഇതിനോടകം രണ്ട് പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ കണ്ടു.
സഹപ്രവര്‍ത്തകന്റെ കൊലയാളികള്‍ക്കെതിരായി ചെറിയ ഒരക്ഷരം പോലും അതിലെവിടെയുമില്ല. SDPl എന്ന പേര് പോലുമില്ല. പക്ഷേ സിപിഐ എമ്മിനെതിരെ അന്വേഷണം വേണമെന്നുണ്ട്. അതെ, SDPl കുറ്റം ചെയ്താല്‍ CPI(M) നെ ശിക്ഷിക്കണമെന്ന് ചുരുക്കം. കൂടുതല്‍ ഒന്നും പറയുന്നില്ല. ഭാഷയ്ക്കും പരിമിതിയുണ്ട്.