ബാലുശ്ശേരി: മദപ്പാട് കണ്ടതിനെ തുടര്‍ന്ന് കൊച്ചുഗണേശന്‍ മൂന്ന് മാസക്കാലമായി ദുരിത ജീവിതമാണ്. കൊടിയ പീഡനമാണ് ഈ നാളുകളില്‍ 25വയസ്സുള്ള ഈ ആന അനുഭവിക്കുന്നത്. മദപ്പാട് കണ്ടതിനെ തുടര്‍ന്ന് തെങ്ങിന് തോട്ടത്തില്‍ തളച്ചതില്‍ പിന്നെയാണ് കൊച്ചുഗണേശന്റെ ദുരിത ജീവിതത്തിന് ആരംഭമാകുന്നത്. ബാലുശ്ശേരി പനങ്ങാട് മുണ്ടക്കരയിലെ തെങ്ങിന് തോട്ടത്തിലാണ് ആനയെ തളച്ചത്.
മദപ്പാടുകാലത്ത് ആനയെ ആനത്തറികളില്‍ മേല്‍ക്കൂരയൊരുക്കി കൃത്യമായി ഭക്ഷണവും വെള്ളവും നല്കി പരിചരിക്കണമെന്നാണ് നാട്ടാന പരിചരണനിയമം. ഇതെല്ലാം തള്ളിയാണ് കൊച്ചുഗണേശനോട് ക്രൂരത കാണിക്കുന്നത്. ചങ്ങലയ്ക്കിട്ട് ഒന്ന് അനങ്ങാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഈ മിണ്ടാപ്രാണിക്ക്. മൂന്ന് മാസക്കാലം മഴയും വെയിലും കാലില്‍ മുറിവുമായി നില്ക്കുന്ന കൊച്ചുഗണേശന്‍ ഏവരുടെയും കണ്ണിനെ ഊറനണിയിക്കും.
പത്തുദിവസത്തേക്ക് എന്നുപറഞ്ഞാണ് വട്ടോളിബസാറില്‍ റേഷന്‍കട നടത്തുന്ന വടക്കേടത്ത് ശിവശങ്കരന്റെ പറമ്പില്‍ ആനയെ കെട്ടിയത്. പിന്നീട് അവിടെനിന്നു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആനയ്ക്ക് മദപ്പാട് ഉണ്ടെന്നും മൂന്നുമാസത്തേക്കു മാറ്റാന്‍ കഴിയില്ലെന്നും ഉടമസ്ഥന് അറിയിക്കുകയായിരുന്നു. ആനയുടെ പേരില്‍ ഒരു സംഘം പറമ്പില്‍ സ്ഥിരമായി താവളമടിച്ച് മദ്യപാനവും മറ്റും ആരംഭിച്ചതോടെ അവിടെ കെട്ടിയ ഷെഡ് സ്ഥലമുടമ പൊളിച്ചുമാറ്റി. ഷെഡ് പൊളിച്ചതിന് സ്ഥലമുടമയ്ക്കെതിരേ സംഘം കേസുകൊടുത്തതോടെ ആനയെ തളയ്ക്കാന്‍ സമ്മതം കൊടുത്തതിന്റെ പേരില്‍ പോലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ട അവസ്ഥയിലായി ശിവശങ്കരന്.
കാലിലെ മുറിവുകാരണം ആനയുടെ കരച്ചില് രാത്രിയിലും പതിവാണെന്ന് സമീപവാസികളും പറയുന്നു. കണ്ടു നില്ക്കാന് പോലും സാധിക്കില്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ‘മാദംഗലീല’യില്‍ പറയുന്ന പരിചരണങ്ങളാണ് ആനയ്ക്ക് നല്‍കുന്നതെന്നും മദപ്പാട് സമയം കഴിഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ആനയെ സ്ഥലത്തുനിന്നു മാറ്റുമെന്നും ആനയുടമ ദിലീപ്കുമാര് പറയുന്നു.