തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. ഐഎസിന്റെ പ്രധാന നേതാക്കളിലൊരാളും പാകിസ്ഥാന്‍കാരനുമായിരുന്ന കൊല്ലപ്പെട്ട ഹുസൈഫ അല്‍ ബകിസ്താനി വഴിയായിരുന്നു മുഹമ്മദ് മുഹ്സിന് ഐഎസിലെത്തിയത്.
എഎന്‍ഐയാണ് യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ഓക്ടോബറിലാണ് മുഹമ്മദ് മുഹ്സിന് ഐഎസില്‍ ചേര്‍ന്നത്. ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായും അവന്റെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തതായും മുഹമ്മദ് മുഹ്സിന്റെ വീട്ടുകാര്‍ക്ക് വാട്സ്ആപ് വഴി സന്ദേശം ലഭിച്ചിരുന്നു.
അപരിചിതമായൊരു നമ്പറില്‍ നിന്നാണ് ഇത്തരമൊരു സന്ദേശം ലഭിച്ചത്. ഇക്കാര്യങ്ങള്‍ പോലീസിനോട് പറയരുതെന്നും അവര്‍ വീട്ടില്‍ നിരന്തരം കയറിയിറങ്ങി ശല്യപ്പെടുത്തുമെന്നും നിങ്ങളുടെ സഹോദരന് അത് ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്.