ചാവക്കാട്: പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. നാലു പേരുടെയും നില ഗുരുതരമായി തുടരുകയാണ്. പുന്നയിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണമുണ്ടായത്. വെട്ടേറ്റവര്‍ പുന്ന സെന്ററില്‍ നില്ക്കുമ്പോള് ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ വെട്ടി വീഴ്ത്തുകയായിരുന്നു.
പൂര്‍വ്വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിഎ ഗോപപ്രതാപന് ആരോപിച്ചു.