ചാലക്കുടി: നാട്ടിക സിപിഐ എംഎല്‍എ ഗീതാ ഗോപി സമരം ചെയ്ത ഇടത്ത് ചാണകവെള്ളം തളിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാവിനെ ജാതീയപരമായി അധിക്ഷേപിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എയും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ കമ്മീഷന് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ സംസ്കാരത്തിന്റെ സന്തതികള്‍ക്കു മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പ്രതികരിച്ചു. പുല്ലൂരില്‍ എത്തിയ വനിതാ കമ്മീഷന് അധ്യക്ഷയെ നേരിട്ട് കണ്ടാണ് ഗീതാ ഗോപി പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും നിയമ, പട്ടികജാതി വകുപ്പ് മന്ത്രി എകെ ബാലനും പരാതി നല്‍കുമെന്നും ഗീതാ ഗോപി പറഞ്ഞു.
റോഡിന്റെ ശോചനീയാവസ്ഥ തുറന്ന് പറഞ്ഞാണ് എംഎല്‍എ സമരത്തിനിരുന്നത്. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി എംഎല്‍എ ഇരുന്ന സ്ഥലം ചാണക വെള്ളമുപയോഗിച്ച് കഴുകുകയായിരുന്നു. സ്ത്രീത്വത്തിന് നിരക്കാത്ത സംഭവങ്ങളാണ് നടന്നത്. ഇതിന് നേതൃത്വം നല്‍കിയത് ആരാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും ജോസഫൈന് പറഞ്ഞു.