തിരുവനന്തപുരം: കസ്റ്റഡിയില്‍ നിന്ന് ചാടിപോയ കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരനെ അതിസാഹസികമായി പിടികൂടി. ഇതിനിടെ പ്രതിയുടെ ആക്രമണത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കാലിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരന് ജോര്‍ജ് കുട്ടിയെയാണ് സാഹസികമായി പിടികൂടിയത്.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നത്. നിലമ്പൂര്‍ വാണിയമ്പലത്ത് വെച്ചാണ് ജോര്‍ജ് കുട്ടി പിടിയിലായത്. വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ജോര്‍ജ് കുട്ടി എത്തിയിട്ടുണ്ടെന്ന വിവരം എക്സൈസിന് ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ കുരുക്കാന്‍ വലയൊരുക്കിയത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘം നിലമ്പൂര്‍ എക്സൈസുമായി ചേര്‍ന്നാണ് ജോര്‍ജ് കുട്ടിയെ സാഹസികമായി പിടികൂടിയത്.
തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിനാണ് തെളിവെടുപ്പിനിടെ ബംഗളൂരുവില്‍ വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു മുങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടുന്നതിനും ഒളിത്താവളം ഒരുക്കുകയും ചെയ്ത കുഞ്ഞുണ്ണി എന്ന അനിരുദ്ധന്, മുഹമ്മദ് ഷാഹീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവരില്‍ നിന്നാണ് ജോര്‍ജ് കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ജോര്‍ജ് കുട്ടിയെ പിടികൂടുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് എക്സൈസ് സംഘത്തിന് നേരെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഉദ്യോഗസ്ഥന് വെടിയേറ്റത്.