തിരുവനന്തപുരം: ആള്‍മാറാട്ടത്തിലൂടെ സാധാരണക്കാരായ നാട്ടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം ഫോട്ടോയില്‍ മാലയിട്ട് മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച വിരുതന് പിടിയില്‍. തട്ടിപ്പിനിരയായവര്‍ വീട്ടിലെത്തി അന്വേഷിക്കുമ്പോള്‍ മാലയിട്ട് ചന്ദനത്തിരി കത്തിച്ച് വെച്ച് ചിത്രം കണ്ട് തിരിച്ചുപോകാനാണ് ഇയാള്‍ ഈ തന്ത്രം പയറ്റിയത്. ആള്‍മാറാട്ടക്കേസില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ കബളിപ്പിച്ചത്. വീടിന്റെ വരാന്തയിലെ മേശയില്‍ ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് ഇയാള്‍ മുങ്ങിയിരുന്നു.
കസ്റ്റംസ് ഓഫീസറെന്ന് തെറ്റിദ്ധരിപ്പിച്ചും തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്തുമാണ് ഇയാള്‍ തൊഴില്‍ രഹിതരായ യുവാക്കളെ പറ്റിച്ചത്. സര്‍ക്കാറുദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്ത് ഇയാള്‍ പലരില്‍നിന്നായി ലക്ഷങ്ങളാണ് തട്ടിയത്. ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ ശാസ്തമംഗലം സ്വദേശി പരാതി നല്‍കിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പലരെയും ഇത്തരത്തില്‍ ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നു. സംഭവം മനസിലായതോടെ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയില്‍ മാലതൂക്കി ചന്ദന തിരി കത്തിച്ചുവച്ചത് കണ്ടത്. അന്വേഷിച്ചെത്തുന്ന ആളുകള്‍ ഇയാള്‍ മരിച്ചെന്ന് കരുതി തിരികെ പോകും.
എന്നാല്‍, പറ്റിക്കപ്പെട്ട ചിലര്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. പിന്നീട് ഉദ്യോഗാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്, ടിടിആര്‍ എന്നിങ്ങനെ പല പേരിലും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ സെക്രട്ടേറിയേറ്റ് ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുനെല്‍വേലി സ്വദേശിനിയെ വിവാഹം ചെയ്ത് അവരുടെ കൂടെയാണ് ഇപ്പോള്‍ താമസം.