തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് സമീപത്തെ ലെവല്‍ ക്രോസില്‍ സീലിങ് അടര്‍ന്ന് വീണ് ഗേറ്റ് കീപ്പര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. ട്രെയിന്‍ വരുന്നതിന് മുന്നോടിയായി ഗേറ്റ് കീപ്പര്‍ വസന്ത സിഗ്നല്‍ നല്കുവാനായി ഓഫീസ് കെട്ടിടത്തിന്റെ അകത്ത് കയറിയപ്പോഴാണ് സീലിങ് അടര്‍ന്ന് വീണത്.
അടര്‍ന്ന് വീണ സീലിങ് വന്ന് പതിച്ചത് വസന്തയുടെ തലയിലായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കണ്ടത് തലയില്‍ നിറയെ ചോരയുമായി വനിതാ ഗേറ്റ് കീപ്പറെയാണ്. ഉടനെ, ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്നു തുന്നലിടുകയും ചെയ്തു. ഗേറ്റ് കീപ്പര്‍ ആശുപത്രിയിലായതോടെ ലെവല്‍ ക്രോസ് ഗേറ്റ് രണ്ടു മണിക്കൂറോളം അടഞ്ഞു കിടന്നു. പകരം, ആളെത്തിയാണ് ഗേറ്റ് തുറന്ന് വാഹന ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.
റെയില്‍വേയുടെ ഈ കെട്ടിടം കാലപഴക്കം എത്തിയതാണ്. സീലിങ് അടര്‍ന്ന് വീണ ഭാഗത്തിന്റെ ചുറ്റുമുള്ള പാളിയും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയാണ്. എപ്പോള്‍ വേണമെങ്കിലും വീണേയ്ക്കും. അതേസമയം റെയില്‍വേയുടെ അനാസ്ഥയ്ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷവും ഉയരുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.