കോഴിക്കോട്: ഇടതുപക്ഷ നിലപാടില്‍ നിന്നു വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോഴൊക്കെ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കാത്ത കാര്യമാണെന്നും കാനം പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും അതു തുടരുമെന്നും കാനം പറഞ്ഞു. കൊച്ചിയില്‍ സിപിഐ നേതാക്കളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ തന്റെ ആവശ്യപ്രകാരമാണു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും പൊലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. വിമര്‍ശനം ഉണ്ടെങ്കില്‍ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടതെന്നും തനിക്കെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടി ബോധമില്ലാത്തവര് തന്നെയാണെന്നും കാനം പറഞ്ഞു.