കണ്ണൂര്‍: കൃഷ്ണാ നദിയില്‍ നിന്ന് കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ ആറ് പേര് പിടിയില്‍. കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് വനംവകുപ്പ് പിടികൂടിയത്.
കണ്ണൂര്‍ താഴെ ചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്മാന്ഖാന്, സമീര്‍, തസ്രുദ്ദീന്‍ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെക്കൂടാതെ രണ്ട് അസം സ്വദേശികളും കസ്റ്റഡിയിലാണ്.
ഇവര്‍ ഞായറാഴ്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
ആന്ധ്രയില്‍ കല്ലുമ്മക്കായ ഭക്ഷണപദാര്‍ഥമല്ലാത്തതിനാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ ആഹാരമാക്കുന്നവയാണ് ഇവയെന്ന് യു ട്യൂബില്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തിട്ടും വിട്ടില്ലെന്നാണ് പറയുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. അതേസമയം, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.