കാസര്‍കോട്: കാസര്‍കോട് ബദിയെടുക്കയില്‍ സഹോദരങ്ങള്‍ മരിച്ചത് ‘ മിലിയോഡോസിസ്’ ബാധിച്ചെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയുമാണ് രോഗം പടരുന്നത്.
അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡിഎംഒ അറിയിച്ചു. ബദിയടുക്ക കന്യാപാടി സിദ്ധിഖിന്റെ മക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കുവാന്‍ സാധിച്ചിട്ടില്ല. ഇതാ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തി.
മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.
പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം കാര്യമായി ബാധിക്കുക.