തിരുവനന്തപുരം: ‘ഞാന്‍ ഒളിവില്‍ അല്ല, രാഖിയെ കൊന്നിട്ടും ഇല്ല, നാട്ടിലെത്തിയാല്‍ ഉടന്‍ ഹാജരാകും’ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഖിലിന് പറയാനുള്ളത് ഇപ്രകാരമായിരുന്നു. മാധ്യമപ്രവര്‍ത്തകനോടായിരുന്നു അഖില്‍ വിശദീകരണം നല്‍കിയത്. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടന്‍ പോലീസിനു മുന്പില് ഹാജരാകുമെന്നും അഖില്‍ പറയുന്നു.
പിതാവ് മണിയന് എന്നു വിളിക്കുന്ന രാജപ്പന്‍നായരോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകനോടും അഖില്‍ വിശദീകരണം നല്‍കിയത്. ”രാഖിയെ ജൂണ്‍ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള് പിന്മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.” അഖില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാഖിയുടെ മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെടുത്തത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണെന്നാണ് പോലീസ് പറയുന്നത്. ഈ വാദത്തെ ഡോക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഷാളോ കയറോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. കൊലപാതക വിവരം അറിഞ്ഞതു മുതല്‍ അഖില്‍ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നുമുള്ള വാദത്തില്‍ പോലീസ് ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഖിലിന്റെ വിശദീകരണം കൂടി എത്തുന്നത്.