ഇലവുംതിട്ട: ബൈക്കപകടത്തില്‍ തലയ്ക്കു സാരമായി പരിക്കേറ്റ് കോമയിലായ യുവാവിന്റെ കുടുംബം സുമനസ്സുകളോട് കൈനീട്ടുന്നു. ചികിത്സയ്ക്ക് പണമെടുത്ത് വീട് ജപ്തി ഭീഷണിയിലായതിനെത്തുടര്ന്നാണ് കുടുംബം സഹായം തേടുന്നത്. ഇലവുംതിട്ട അയത്തില്‍ സുഗതാലയത്തില് എം സുഗതകുമാരിയുടെ മകന് വിജയ് ജഗദീഷിന്റെ(28) കുടുംബമാണ് പ്രതിസന്ധിയിലായത്.
രണ്ടുവര്‍ഷമായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിജയ്. ചികിത്സച്ചെലവുകൂടാതെ, ജപ്തി ഒഴിവാക്കാനുള്ള പണംകൂടി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. രണ്ടുവര്ഷംമുന്പ് ഇലവുംതിട്ട-നെടിയകാലാ റോഡില്‍ പുളിത്തിട്ടപ്പടിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടി തുറന്ന് ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കായി 33 ലക്ഷം രൂപ ചെലവായി. ഇനി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങണമെങ്കില്‍ 15 ലക്ഷം രൂപകൂടി ആവശ്യമാണ്. ഉള്ളതെല്ലാം വിറ്റും പണയപ്പെടുത്തിയും ബാങ്കുവായ്പ എടുത്തുമൊക്കെയാണ് ഇതുവരെയുള്ള ചികിത്സയ്ക്കായി വീട്ടുകാര്‍ പണം കണ്ടെത്തിയത്. വിദേശത്തായിരുന്ന വിജയ്യുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. വിജയ് അപകടത്തില്‍പ്പെടുമ്പോള്‍ ഭാര്യ നാലുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍, താന്‍ അച്ഛനായെന്നും കുഞ്ഞ് പിച്ചവെച്ചുനടക്കാറായെന്നുമുള്ള കാര്യം, രണ്ടുവര്‍ഷത്തോളമായി അബോധാവസ്ഥയിലായ വിജയ് അറിയുന്നില്ല.
വീടും സ്ഥലവും ഈടുനല്‍കി ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വിജയ്യുടെ കുടുംബം ജപ്തിഭീഷണിലാണ്. കൂടാതെ, രണ്ടുവര്‍ഷത്തെ ചികിത്സയ്ക്കായി 33 ലക്ഷം രൂപ ചെലവായി. പുറമെ ആശുപത്രിയില്‍ അടയ്ക്കാനുള്ള 15 ലക്ഷം രൂപകൂടി വേണം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. ഇതിനായി യൂണിയന് ബാങ്ക് ഇലവുംതിട്ട ശാഖയില്‍ വിജയ്യുടെ അമ്മ സുഗതകുമാരിയുടെപേരില് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍- 684502010002071 ഐഎഫ്എസ്കോഡ്: യുബിഐഎന്‍ 0568457 യൂണിയന് ബാങ്ക്, ഇലവുംതിട്ട ശാഖ. ഫോണ്‍-8547789704.