ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി പരോളില്‍ പുറത്തിറങ്ങി. ഒരു മാസത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹത്തിനായാണ് പരോള്‍ അനുവദിച്ചത്. ഉപാധികളോടെയാണ് നളിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.
അതേസമയം, പരോള്‍ കാലാവധിയില്‍ വെല്ലൂര്‍ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമപ്രവര്‍ത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കര്‍ശന നിബന്ധനയുമുണ്ട്.
ജൂലൈ അഞ്ചിനാണ് കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. 27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്കു പരോള്‍ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.