വെള്ളറട: ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ കലാശിച്ചത് വിവാഹത്തിലായിരുന്നില്ല. മറിച്ച് നാടിനെ നടുക്കുന്ന കൊലപാതകത്തിലായിരുന്നു. രാഖിയുമായുള്ള പ്രണയത്തിനിടയിലും സൈനികനായ അഖില്‍ മറ്റൊരു യുവതിയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. ആറു വര്‍ഷത്തെ പ്രണയത്തിന്റെ ആരംഭം ഒരു മിസ്ഡ് കോളിലൂടെ ആയിരുന്നു. ഒടുവില്‍ മണ്ണിനടിയില്‍ ജീര്‍ണ്ണിച്ച് കിടന്ന രാഖിയെ ഒടുവില്‍ കണ്ടെത്താന്‍ കാരണമായതും ഫോണ്‍ തന്നെയായിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഖിയുടെ ഘാതകരെ കണ്ടെത്തിയത്. അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഇത് കൊണ്ടുവന്ന് എത്തിച്ചത് കാമുകന് ആയ അഖിലിന്റെ അടുത്തായിരുന്നു. രാഖിയും അഖിലേഷുമായുള്ള ബന്ധം മനസ്സിലാക്കിയ പോലീസിന് യുവതിയുടെ തിരോധാനത്തിനുശേഷം അഖിലേഷും സഹോദരന് രാഹുലും ഒളിവില്‍പ്പോയെന്ന വിവരം ഇവരെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 27-ന് അഖിലേഷ് ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പോലീസിന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. ഇതിനു പിന്നാലെ ഇവരുടെ സുഹൃത്ത് ആദര്‍ശ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചതും മൃതദേഹം കണ്ടെടുത്തതും. എറണാകുളത്തെ ഒരു കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട രാഖി.