പെരുമ്പാവൂര്‍: ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയായിരുന്നു മഞ്ജുഷ മോഹന്‍ദാസ്. മഞ്ജുഷയുടെ അകാലത്തിലുള്ള അപ്രതീക്ഷിത വിയോഗം ആര്‍ക്കും സഹിക്കാനാവുന്നതല്ല. മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മീന്‍ ലോറി ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഞ്ജുഷയ്ക്കായി കേരളം ഒന്നാകെ പ്രാര്‍ത്ഥിച്ചെങ്കിലും ഫലം ഉണ്ടായില്ല.
വലിയന്ചിറങ്ങര വിമല നാലുകെട്ട് വീട്ടില്‍ മോഹന്‍ദാസിന്റെയും ആനന്ദവല്ലിയുടെയും മകളായ മഞ്ജുഷ കൊച്ചി ലേക്ഷോര് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കണ്ണൂര്‍ ജിഷ സദനത്തില്‍ പ്രിയദര്ശന് ലാലാണ് ഭര്‍ത്താവ്.
കഴിഞ്ഞമാസം 27നാണ് മഞ്ജുഷയ്ക്ക് അപകടമുണ്ടായത്. കാലടിക്ക് സമീപം താന്നിപ്പുഴ അനിത വിദ്യാലയത്തിന് മുന്നില്‍ വെച്ചാണ് മഞ്ജുഷയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറില്‍ എതിര് ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചത്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ എംഎ രണ്ടാം വര്‍ഷ നൃത്തവിദ്യാര്‍ത്ഥിനിയായ മഞ്ജുഷ സഹപാഠിയായ അഞ്ജന(21)യ്ക്കൊപ്പമാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്.
അമിത വേഗത്തില്‍ എത്തിയ ലോറി ഇടിച്ച് മഞ്ജുഷയും അഞ്ജനയും സ്കൂട്ടറില്‍ നിന്നും തെറിച്ച് വീണു. സാരമായി പരുക്ക് പറ്റിയ ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുഷയുടെ നില ഗുരുതരമായതിനാല്‍ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മഞ്ജുഷ മരണത്തിന് കീഴടങ്ങുകയായിരുന്നു.
റിയാലിറ്റി ഷോകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറിയ മഞ്ജുഷയുടെ പഴയ ഗാനങ്ങളും ചിത്രങ്ങളും കണ്ണീര് കുറിപ്പുകള്‍ പങ്കുവെക്കുകയാണ് എല്ലാവരും. 2009ല്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചാനല്‍ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഗായികയെന്ന നിലയില്‍ മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടത്.
തുടര്‍ന്ന് ആല്‍ബങ്ങളിലും ഗാനമേളകളിലും പാടി. വീട്ടില്‍ സംഗീത, നൃത്ത വിദ്യാലയം നടത്തിയിരുന്നു. ഭര്‍ത്താവ് പ്രിയദര്ശന് ലാല്‍ സൗദിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. ഏക മകള്‍ ഒന്നരവയസ്സുകാരി വേദികയെ ഒറ്റക്കാക്കിയാണ് മഞ്ജുഷയുടെ വിടവാങ്ങല്‍. അപകടം നടക്കുന്നതിന്റെ മുമ്പ് മഞ്ജുഷ തന്നോട് ഒരാഗ്രഹം അറിയിച്ചതായി കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിക്കുന്നു. അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഒരു പദം ചെയ്യുക എന്ന ആഗ്രഹമായിരുന്നു മഞ്ജുഷയ്ക്ക് ഉണ്ടായിരുന്നത്. സംഗീതത്തൊടൊപ്പം പാരമ്പര്യ നൃത്തകലകള്‍ അഭ്യസിക്കാന്‍ മിടുക്കിയായിരുന്ന മഞ്ജുഷ വിടപറഞ്ഞത് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എന്ന സ്വപ്നം ബാക്കിയാക്കിയാണ്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ അറ്റന്‍ഡന്‍സ് കുറവായിരുന്നതില്‍ കാലടി സംസ്ക്കൃത സര്‍വകലാശാലയില്‍ നൃത്തപഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ വിവാഹവും കഴിഞ്ഞതോടെ പഠനം മുടങ്ങി. തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ മഞ്ജുഷ തന്നെ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഭാവി ജീവിതം ശാസ്ത്രീയ നൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി അവള് നീക്കി വച്ചിരിക്കുകയായിരുന്നു. കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മഞ്ജുഷയുടേതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു.