പുല്ലാട്: വിവാഹ ധൂര്‍ത്തിന് തടയിടാന്‍ പുതിയ തീരുമാനങ്ങളുമായി ഒരു എന്‍എസ്എസ് കരയോഗം. വിവാഹത്തിന് ധൂര്‍ത്തടിക്കുന്നത് തടയാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് പത്തനംതിട്ട പുല്ലാട് എന്‍എസ്എസ് കരയോഗം.
1429-ാം നമ്പര്‍ ദേവി വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ പൊതുയോഗത്തിലാണ് ഇത് സംബന്ധിച്ച വിപ്ലവകരമായ തീരുമാനം ഉണ്ടായത്. വിവാഹം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖയും യോഗം അംഗീകരിച്ചു. കരയോഗത്തില്‍പ്പെട്ട ഷൈലജാ പണിക്കര്‍, ബാലന് മഠത്തിലേത്ത്, അനില്‍ കാലായില്‍ എന്നിവര്‍ തങ്ങളുടെ മക്കളുടെ വിവാഹം ആര്‍ഭാട രഹിതമായി നടത്തുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.
എന്‍എസ്എസ് കരയോഗം എടുത്ത തീരുമാനങ്ങള്‍ ഇവയൊക്കെയാണ്
വിവാഹ നിശ്ചയം മിനി വിവാഹമായി മാറുന്നത് ഒഴിവാക്കും. വിവാഹ നിശ്ചയം സ്വന്തം ഭവനത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തും. ഇരുപക്ഷത്തുനിന്ന് 50 പേരെ മാത്രം പങ്കെടുപ്പിച്ചാല്‍ മതി. പ്രത്യേക സാഹചര്യത്തില്‍ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വന്നാല്‍ 100ല്‍ കൂടരുത്.
വിവാഹനിശ്ചയം ഉച്ചയ്ക്ക് 12ന് മുന്‍പ് പൂര്‍ത്തിയാക്കും. ഉച്ചയ്ക്കുള്ള സദ്യ ഒഴിവാക്കി ലഘുഭക്ഷണം നല്‍കണം. വിവാഹത്തലേന്ന് വധുവരന്മാരുടെ ഗൃഹങ്ങളില്‍ നടത്തുന്ന വിരുന്ന് സല്കാരങ്ങള് ഒഴിവാക്കും. തലേ ദിവസത്തെ സന്ദര്‍ശകര്‍ക്ക് ചായ സല്‍ക്കാരം മാത്രം.
ഇനി മുതല്‍ വിവാഹ ദിവസം വൈകുന്നേരമുള്ള അടുക്കള കാണല്‍ ചടങ്ങ് ഇല്ല. കല്യാണത്തിന് ശേഷം സൗകര്യപ്രദമായ സമയത്ത് 10 പേരടങ്ങുന്ന ബന്ധുക്കള്‍ വരന്റെ ഗൃഹം സന്ദര്‍ശിക്കുക. സ്വര്‍ണ്ണം സാമ്പത്തികം അനുസരിച്ച് മാത്രമെ വാങ്ങാവൂ. എന്നാല്‍ 50 പവനില്‍ കൂടാനും പാടില്ലെന്നും തീരുമാനിച്ചു. കല്യാണ വസ്ത്രത്തിന്റെ വിലയില്‍ മിതത്വം പാലിക്കണമെന്നും തീരുമാനത്തിലുണ്ട്.