കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ നാലംഗസംഘമാണ് കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ കടത്തികൊണ്ടു പോയത്. സ്കൂളിലേയ്ക്ക് പോകും വഴിയാണ് കുട്ടിയെ കടത്തിയത്.
തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സ്വര്‍ണ്ണ കടത്ത് സംഘങ്ങളെന്നാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. ഇതുവരെയും ഒരു വിവരം പോലും ലഭ്യമായിട്ടില്ല. മകനെ കാണാതായതു മുതല്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് അമ്മ.
ഒന്‍പതാം ക്ലാസുകാരിയായ സഹോദരിയ്ക്കൊപ്പം സ്കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരിയാണ് വീട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിക്ക് കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഗള്‍ഫില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തര്‍ക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനില്‍ക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പോലീസിന്റെ നിഗമനം. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് പറയുന്നു.