വയനാട്: അമ്പലവയലില്‍ വെച്ച് തമിഴ് ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോഡ്രൈവര്‍ സജീവാനന്ദന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. ഇതുതെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്ന വിശദീകരണവുമായി വയനാട് ഡിസിസി രംഗത്തെത്തി. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഇതുവരെ ആര്‍ക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
യുവതിയും യുവാവും, സജീവാനന്ദനും തമ്മില്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് മനസ്സിലാകുന്നതെന്നും, ആര്‍ക്കും പരാതിയില്ല എന്നാണ് പറഞ്ഞതെന്നും കേരളാ പോലീസിന്റെ പേജ് മറുപടിയില്‍ പറഞ്ഞു. കേസിലെ പ്രതിയായ സജീവാനന്ദന് ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. സംസാരിക്കുന്നതിനിടെ ‘നിനക്കും വേണോ’ എന്ന് ചോദിച്ച് സജീവാനന്ദന് യുവതിയുടെ മുഖത്തടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിനിടെ, സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്കാന് ദമ്പതികള്‍ തയ്യാറാകാത്തതിനാല്‍ പോലീസ് കേസെടുക്കാതെ സജീവാനന്ദനെ വിട്ടയയ്ക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് അക്രമം നടന്നത്. സംഭവത്തില്‍ അമ്പലവയല്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പോലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ച് സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.