കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ സ്കൂട്ടറിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന നഗ്ന ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയുകയായിരുന്നു.
കോഴിക്കോട് നരിക്കുനി പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കള്‍ കുട്ടിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃശ്യങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്നാണ് പോലീസ് സജീഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പോലീസില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സജീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.