കൊച്ചി: നിപ്പായെ അതിജീവിച്ച പറവൂര്‍ വടക്കേക്കര സ്വദേശി ഗോകുല്‍ കൃഷ്ണയെ കാണാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെത്തി. ഗോകുല്‍ കൃഷ്ണയെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗോകുല്‍ കൃഷ്ണയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു ചികിത്സ. വളരെയേറെ ആശങ്കകള്‍ നിറഞ്ഞ നാളുകള്‍ക്ക് ഇതോടെ വിരാമമാകുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ നിപ്പാ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പ് എറണാകുളം ജില്ലയില്‍ നിപ്പാ റിപ്പോര്‍ട്ട് ചെയ്തത് വളരെ ആശങ്കയുണ്ടാക്കിയിരുന്നു. മുമ്പത്തെ അനുഭവമുണ്ടായിരുന്നതിനാല്‍ വളരെവേഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ വകുപ്പിനായി.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത്യാസന്നനിലയില്‍ ആവുകയും മരണം വരിക്കുകയും ചെയ്യുക എന്ന അസാധാരണമായ അനുഭവമാണ് നിപ്പായിലെങ്കിലും അതിനെ സധൈര്യം നേരിടാനാന്‍ ആരോഗ്യ വകുപ്പിനായെന്ന് മന്ത്രി പറഞ്ഞു.