ആറ്റിങ്ങല്‍: വീട്ടിലിരുന്ന് രാമായണം പാരായണം ചെയ്യുന്നതിനിടയില്‍ കുറച്ച് പേര് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത വൃദ്ധനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.
കോരാണി കുടമന്കാട് കരിബാലൂര്വിള വീട്ടില്‍ രാമചന്ദ്രന് നായരെയാണ്(75) ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് ഒരു കൂട്ടം ആളുകള്‍ മദ്യപിച്ച് ബഹളം വച്ചിരുന്നു. അവരെ താക്കീത് ചെയ്ത് വീണ്ടും രാമായണ പാരായണം തുടങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ മൂന്നുപേര്‍ വീട്ടില്‍ കയറി വടി കൊണ്ട് അടിച്ചത്.
മുറ്റത്തേക്ക് വലിച്ചിഴച്ച് പൊതിരെ തല്ലുകയും ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കളെത്തി വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മംഗലപുരം പോലീസിന് പരാതി നല്കി. പ്രദേശത്ത് മദ്യപന്മാരുടെ സംഘം ശല്യമാണെന്നാണ് നാട്ടുകാരുടെ പരാതി.