തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസംമുതല്‍ പെയ്ത മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമണ്‍-തീക്കോയി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും.
അതേസമയം, വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴമുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.