തിരുവനന്തപുരം: പോലീസിലെ കുഴപ്പക്കാരായവരെ പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ലോക്കപ്പ് മര്‍ദനങ്ങളും കസ്റ്റഡി മരണങ്ങളും കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നിര്‍ദേശം. പോലീസിന്റെ നീചമായ പ്രവൃത്തികള്‍ കേരളത്തിനും സര്‍ക്കാരിനും അപമാനമാണെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്കപ്പ് മര്‍ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ഇത് ഉള്‍പ്പെടെയുളള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പരിശോധന നടത്തിയ ശേഷമാണ് ആഭ്യന്തര സെക്രട്ടറിക്ക് കമ്മിഷന് നിര്‍ദേശം കൈമാറിയത്. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി.