തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ചവറുകൂനയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തി ചവറുകൂനയില്‍ നിന്നും പുറത്തെടുത്തത്.
കത്തി കണ്ടെടുത്തതിന് പിന്നാലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇരുപ്രതികളെയും കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്.
കേസിലെ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പോലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറയുന്നു.