തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പത്ത് ലക്ഷത്തോളം അനര്‍ഹരായ ആളുകള്‍ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന് ഈ കണക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. ഒരാള്‍ സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സൂക്ഷ്മപരിശോധന നടത്തിയാണ് പെന്ഷന് അനുവദിക്കുന്നത്. എന്നാല്‍ അനര്‍ഹരെ കണ്ടുപിടിക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അനര്‍ഹരെ ഒഴിവാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ സിപിഎം നിയോഗിക്കുന്നവര്‍ ഓരോ വീടുകളിലും ചെന്ന് രാഷ്ട്രീയപരിഗണന മുന്‍നിറുത്തി അര്‍ഹരെയും അനര്‍ഹരെയും തിരുമാനിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ രാഷ്ടീയമായി തന്നെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അതാത് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, റവന്യു ഇന്‍സ്പെക്ടര്‍, കോര്പ്പറേഷന് മുനിസിപ്പല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ എന്നിവരാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അനര്‍ഹരായവരെ കണ്ടുപിടിക്കുന്ന രീതി വിചിത്രമാണ്. സിപിഎം കമ്മിറ്റികള്‍ നിയോഗിക്കുന്നയാളുകള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനെന്ന വ്യാജേനെ ഓരോ വീടും കയറി ഇറങ്ങി തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരുടെ പേരുകള്‍ കണ്ടെത്തി ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.