തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കി.
ജൂലൈ 18 മുതല്‍ ജൂലൈ 19 വരെ തെക്ക്പടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍, മധ്യ അറബിക്കടല്‍ എന്നീ മേഖലകളിലും ജൂലൈ 19 മുതല്‍ 20 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ജൂലൈ 20 മുതല്‍ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍, ജൂലൈ 18 മുതല്‍ ജൂലൈ 20 വരെ മാലിദ്വീപ്, കോമോറിന് തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നീ മേഖലകളിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കുണ്ട്.