കൊച്ചി: കെഎസ്ആര്‍ടിസിയും കെയുആര്‍ടിസിയും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍
മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍ പരസ്യം പതിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വാഹന ഉടമയുടെ പേര് എഴുതേണ്ടിടത്തും പരസ്യം പാടില്ലെന്ന് കോടതി വ്യക്തമാക്കി. വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കുന്നതു പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നും കോടതി പറഞ്ഞു. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെഎം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്.
ഇന്‍ഡിക്കേറ്ററുകള്‍, സിഗ്നലിങ് സംവിധാനം, റിഫ്ലക്ടര്‍, ലാംപ്, പാര്‍ക്കിങ് ലൈറ്റ് എന്നിവ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും ഹെഡ് ലൈറ്റ്, ടെയ്ല് ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കര്‍ പോലുള്ളവ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. എല്‍ഇഡി ബാര്‍ ലൈറ്റുകളും വാഹനത്തില്‍ ഉപയോഗിക്കുന്നത് തടഞ്ഞു.