തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ്സി വ്യക്തമാക്കി. പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എംകെ സക്കീര്‍ പറഞ്ഞു.
അക്രമസംഭവത്തിലെ പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്സി വിജിലന്‍സ് അന്വേഷിക്കുമെന്ന് പിഎസ്സി ചെയര്മാന് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ല.
പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് ചെയര്മാന് എംകെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കാസര്‍കോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേര് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ കേന്ദ്രം തെരെഞ്ഞെടുത്തുവെന്നും എംകെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു.