തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.
ജൂലൈ 30 വരെ ലോഡ്ഷെഡിങ്ങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരും.
അതേസമയം, അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.