പത്തനംതിട്ട: ശബരിമല വനമേഖലയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ളാഹക്കടുത്തെ കോളനിയിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത്. എന്നാല്‍ കുട്ടികളില്‍ ചൊറിയും ചിരങ്ങും വന്ന് വൃണമായിട്ടും ട്രൈബല്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.
മൂന്നുമാസമായി കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസുഖം പിടിപെട്ടിട്ട്. ഒരുപോലെ ചൊറിയും ചിരങ്ങും വന്നിട്ടും ട്രൈബല്‍ പ്രമോട്ടര്‍മാരും ഡോക്ടര്‍മാരും ആരും തന്നെ ഇവിടെ വന്നിട്ടില്ലെന്നും അവര്‍ പറയുന്നു.
അതേസമയം, മുമ്പ് പുറത്ത് നിന്നുള്ള മെഡിക്കല്‍ സംഘം വന്ന് കോളനികളില്‍ പരിശോധന നടത്തുമായിരുന്നു. എന്നാല്‍ ഒരു വിഭാഗം നാട്ടുകാര്‍ ഇതിനെതിരെ രംഗത്തെത്തുകയും മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം തടയുകയുമായിരുന്നു.
പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ കുടിലില്‍ നിലത്താണ് കുട്ടികളുള്‍ ഉള്‍പ്പടെ അന്തി ഉറങ്ങുന്നത്. രോഗം വരാന്‍ ഇതും കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആദിവാസി കുടുംബങ്ങള്‍ വെള്ളത്തിന്റെ ലഭ്യത നോക്കി വാസസ്ഥലം ഇടയ്ക്കിടെ മാറുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ട്.
മേഖലയിലെ എല്ലാവര്‍ക്കുമായി ആരോഗ്യ ക്യാംപ് സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പകര്‍ച്ച വ്യാധി പടരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.