തിരുവനന്തപുരം: കൊച്ചി മരടില്‍ തീരദേശ നിയമം ലംഘിച്ച് പണിത ഫ്ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എസി മൊയ്തീന്. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ ഉള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ ചെന്നൈ ഐഐടി സംഘത്തിനെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മരടില്‍ തീരദേശ നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന് എതിരെ നല്കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.
ആല്‍ഫാ വെന്റുഷേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്, ജെയിന് ഹൌസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, കെവി ജോസ് എന്നിവര്‍ നല്കിയ ഹര്‍ജി ആണ് കോടതി തള്ളിയത്.
കൂടാതെ, പുനഃപരിശോധന ഹര്‍ജി നല്കാന് കായലോരം റസിഡന്റ് അസോസിയേഷന് ബെഞ്ച് അനുമതി നല്‍കിയെങ്കിലും അതും പരിഗണിച്ച് തള്ളി. ഉത്തരവ് പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി സുപ്രീംകോടതി തള്ളിയത്.
മരട് ഫാളാറ്റുകള്‍ പൊളിക്കുകയാണെങ്കില്‍ കെട്ടിടം പൊളിക്കാനുള്ള ചെലവ് വഹിക്കേണ്ടത് നഗരസഭയാണ്.