തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 35 രൂപ കൂടി 3,225 രൂപയും പവന് 280 രൂപ കൂടി 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണ്ണവില കൂടാനിടയാക്കിയത്. സ്വര്ണ്ണമുള്പ്പടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി.
അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും സ്വര്‍ണ്ണ വില കൂടാന്‍ കാരണമായി. ഓഹരി വിപണിയിലെ അസ്ഥിരതയും വില ഉയരാനിടയാക്കി. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോളവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്. 10 ഡോളറിന്റെ വര്‍ധനയാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.