തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. കെഎഎസില്‍ മൂന്നു വിഭാഗത്തിലുമുളള നിയമനങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച് മൂന്നുവിഭാഗത്തിലും സംവരണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പ്രത്യേക ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി.
എജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി വരുത്തിയത്. ഇതോടെ നേരിട്ടുളള നിയമനത്തിലും, ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റി വച്ചിട്ടുളള ഒഴിവുകളിലും സംവരണം ഉറപ്പാകും.
കെഎഎസിന്റെ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
കെഎഎസ് പരീക്ഷയുടെ സ്കീം, പിഎസ്സിയുമായി ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കുമെന്നതു മാറ്റി. പകരം സര്‍ക്കാരുമായി ആലോചിച്ചു പിഎസ്സി തീരുമാനിക്കും എന്നാക്കി. കൂടാതെ
കെഎഎസിലേക്കു നേരിട്ടുള്ള നിയമനത്തിനു പ്രായപരിധി 21 – 32. സര്‍വീസിലുള്ള ജീവനക്കാരില്‍ നിന്നുള്ള നിയമനത്തിന് 21 – 40. ഗസറ്റഡ് ഓഫിസര്‍മാരില്‍ നിന്നുള്ള നിയമനത്തിന്റെ പരമാവധി പ്രായപരിധി 50 വയസ്സായിരിക്കും.ഏതെങ്കിലും വിഭാഗക്കാര്‍ക്ക് 50 വയസ്സില്‍ ഇളവ് ലഭിക്കില്ല.