കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് തടഞ്ഞുവെച്ച യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. മാവോയിസ്റ്റ് തത്വശാസ്ത്രം സ്വീകരിച്ചു എന്ന സംശയത്തിന്റെ പേരില്‍ ആരെയും സര്‍ക്കാരിന് പീഡിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ ശ്യാം ബാലകൃഷ്ണന് എന്ന യുവാവിനാണ് കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും വിധിച്ചത്.
2014 മേയ് 20നാണ് സംഭവം. തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്ക് ഒപ്പമെത്തിയ വെള്ളമുണ്ട പോലീസ് ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമോപദേശം തേടാന്‍ പോലും അവസരം നല്‍കിയില്ലെന്നും അന്യായമായി കസ്റ്റഡിയില്‍ വച്ചെന്നും ഇതിനെതിരെ ആക്ഷേപമുണ്ടായി. മാവോയിസ്റ്റാകുന്നതു കുറ്റകരമല്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു സിംഗിള്‍ ജഡ്ജിയുടെ വിധി. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ നല്കി. സിംഗിള്‍ ജഡ്ജിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളി.
എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും താല്പര്യമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനുമുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും രാഷ്ട്രീയ തത്വസംഹിതയില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.