തൃശ്ശൂര്‍: തൃശ്ശൂര്‍ പാഴൂരില്‍ മകന് പട്ടിണിക്കിട്ട് അവശയായ വയോധികയെ രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേയ്ക്ക് മാറ്റി. തീരെ അവശയായ മല്ലികയെ പോലീസ് ഇടപെട്ടാണ് മകന്റെ ക്രൂരതയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ കളക്ടര്‍ എസ് ഷാനവാസിന്റെ ഇടപെടല്‍ മൂലമാണ് മല്ലികയെ അഗതി മന്ദിരത്തിലേയ്ക്ക് മാറ്റിയത്.
മകന് ഇവര്‍ക്ക് ഭക്ഷണം തീരെ നല്‍കില്ലായിരുന്നു. മല്ലികയുടെ ദയനീയ സ്ഥിതി കണ്ട് ഭക്ഷണവുമായി അയല്‍വാസികള്‍ വരും. എന്നാല്‍ അവരെയെല്ലാം മകന് വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്യും. തുടര്‍ന്ന് ഇവരുടെ മറ്റൊരു മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അങ്ങനെയാണ്, കഴിഞ്ഞ ദിവസം അന്തിക്കാട് പോലീസ് ഇടപ്പെട്ട് മല്ലികയെ ആശുപത്രിയിലാക്കിയത്. തിരിച്ച് മകന്റെ അടുത്തേയ്ക്ക് വിടേണ്ടതില്ലെന്ന് കളക്ടര്‍ എസ് ഷാനവാസ് ഉറച്ച തീരുമാനമെടുത്തു. കോര്‍പറേഷന്റെ അഗതി മന്ദിരത്തിലേയ്ക്ക് പിന്നീട് മാറ്റുകയായിരുന്നു. പ്രളയത്തില്‍ ഇവരുടെ വീട് ഇടിഞ്ഞു വീഴാറായിരുന്നു. പുതിയ വീട് നിര്‍മ്മിക്കാന്‍ കളക്ടര്‍ മുന്‍കൈ എടുത്തിട്ടുണ്ട്.