കൊച്ചി: അഹങ്കാരം കൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്ത് പരാജയപ്പെട്ടതെന്ന് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്. സിഐടിയു ജില്ലാ കണ്വെന്ഷന് ആലുവയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡി കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുകാണെന്നും രണ്ടാമതും അധികാരത്തിലെത്തിയ മോഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കോര്‍പ്പറേറ്റുകളുടെ സ്വത്തുക്കള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ അഭിമാനം പണയം വെയ്ക്കാന്‍ ഒരു മടിയുമില്ലാത്തയാളാണ് മോഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരണത്തിന്റെ വൈകല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ ഇല്ലാതെ പോയി. അതിനാല്‍ അവസരങ്ങളെല്ലാം മുതലെടുക്കുകയാണ് മോഡി. വാര്‍ത്താവിനിമയ രംഗം ശത്രുക്കളെ ഏല്പ്പിച്ചുകഴിഞ്ഞെന്നും ഇന്ത്യന്‍ റെയില്‍വേയും വില്‍ക്കുകയാണെന്നും ആനത്തലവട്ടം ആനന്ദന് പറഞ്ഞു.