തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ നികുതി വെട്ടിപ്പിന് പുതിയ തന്ത്രവുമായി ബസുടമകള്‍. കേരള അതിര്‍ത്തിയില്‍ സര്‍വ്വീസുകള്‍ അവസാനിപ്പിക്കുകയാണ് സ്വകാര്യ ബസുകളുടെ പുതിയ തന്ത്രം.
കര്‍ണാടക രജിസ്ട്രേഷനിലുള്ള ഈ ബസുകള്‍ കേരള അതിര്‍ത്തിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. പിന്നീട ഈ ബസുകളിലെത്തുന്ന കേരളത്തിലേക്കുള്ള യാത്രക്കാരെ കേരള രജിസ്ട്രേഷന് വാഹനങ്ങളില്‍ തിരുവനന്തപുരത്തെത്തിക്കും. അതിര്‍ത്തിയിലെ കേരളത്തിന്റെ ആര്‍ടിഒ ചെക്പോസ്റ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കേരളത്തിന്റെ തന്നെ പ്രദേശമായ ഇഞ്ചിവിളയിലാണ് ഇത്തരത്തില്‍ യാത്രക്കാരെ മാറ്റിക്കയറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം ബസുകള്‍ ഇഞ്ചിവിളയില്‍ എത്തുന്ന സമയം കേരള രജിസ്ട്രേഷനിലുള്ള ടെംപോ ട്രാവലറുകള്‍ ഇവിടെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും. അതിര്‍ത്തിയില്‍ ആര്‍ടിഒ അധികൃതര്‍ പരിശോധന ശക്തമാക്കിയതിനാലാണ് കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതെ കേരളത്തില്‍ കാത്തുകിടക്കുന്നത്.
കര്‍ണാടക രജിസ്ട്രേഷനുള്ള ഇത്തരം വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒരു സീറ്റിന് മൂവായിരം മുതല്‍ നാലായിരം രൂപവരെ മൂന്ന് മാസത്തേക്ക് നികുതി അടയക്കണം. ഇതൊഴിവാക്കാനാണ് പുതിയ തന്ത്രം. എന്നാല്‍ ഈ മാറ്റിക്കയറ്റം പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് യാത്രികരെ കൊണ്ടുപോകാനും ബസുടമകള്‍ ഇതേ തന്ത്രം പയറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈകുന്നേരങ്ങളില്‍ കേരള രജിസ്ട്രേഷന് വാഹനങ്ങളില്‍ തിരുവനന്തപുരത്തു നിന്നും യാത്രക്കാരെ ഇഞ്ചിവിളയില്‍ എത്തിക്കുകയും അവിടെനിന്ന് കര്‍ണാടക രജിസ്ട്രേഷന് ബസുകളിലേക്ക് മാറ്റിക്കയറ്റുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.