തിരുവനന്തപുരം: വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടയില്‍ പോലീസിനെ തള്ളിയിട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട ബൈക്ക് മോഷ്ടാവ് സെബിന് സ്റ്റാലിനെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സെബിന് വെള്ളിയാഴ്ചയാണ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.
വിരലടയാളം എടുക്കുന്നതിനിടയില്‍ പോലീസിനെ തള്ളിയിട്ട് മുറി പൂട്ടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശിയായ സെബിന് സ്റ്റാലിനെ എംജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച കേസിലാണ് പോലീസ് പിടികൂടിയത്. കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷം സെബിന് ഓടി രക്ഷപ്പെട്ടത്.
രക്ഷപ്പെടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ക്രൈം വിഭാഗത്തില്‍ ഏതാനും പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം.