മലയിന്‍കീഴ്: വൃദ്ധയോട് വഴി ചോദിച്ച ശേഷം ബൈക്കിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ നഷ്ടമായത് മുക്കുപണ്ടമാണെന്ന് വൃദ്ധ വിശദമാക്കി. അതേസമയം, ഇയാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തിരുവനന്തപുരം മലയിന്‍കീഴ് ഗോവിന്ദമംഗലത്താണ് സംഭവം.
ഗോവിന്ദമംഗലത്ത് മാല മോഷണം പതിവായതോടെയാണ് ജനകീയ സമതി സിസിടിവികള്‍ സ്ഥാപിച്ചത്. സിസിടിവി വച്ചതിന് പിന്നാലെ രണ്ട് ആഴ്ച കൊണ്ട് രണ്ട് മോഷ്ടാക്കളാണ് സിസിടിവിയില്‍ കുടുങ്ങിയത്. പ്രതികളെക്കുറിച്ചുള്ള സൂചന ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും പോലീസിന് ആരെയും പിടികൂടാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അങ്ങനെയിരിക്കെ ഒടുവില്‍ നടന്ന സംഭവമാണ് ഗോവിന്ദമംഗലം ജംക്ഷനു സമീപം കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ബസ് കാത്തിരുന്ന വൃദ്ധയുടെ മാല സ്കൂട്ടറില്‍ എത്തിയയാള്‍ പൊട്ടിച്ചെടുത്തു കടന്നത്. ഹെല്‍മറ്റ് ധരിച്ച് സ്കൂട്ടറില്‍ വന്നയാള്‍ വൃദ്ധയോട് സംസാരിക്കുന്നതും അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാല പൊട്ടിച്ചു രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം ആയതിനാല്‍ വൃദ്ധ പരാതി നല്കാന് തയാറായില്ല. നരുവാംമൂട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.