ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ ബിജെപിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി രാജീവ്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെയെന്ന് പി രാജീവ് ചോദിച്ചു.
‘ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ മന്ത്രിയാണ് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം’- പി രാജീവ് പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്മ്മാണമില്ലെന്നും, ഇക്കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പി രാജീവ്. ലോക്സഭയില്‍ സംസാരിക്കവേയാണ് ശബരിമലയില്‍ നിയമ നിര്‍മ്മാണം ഉടനില്ലെന്ന് രവിശങ്കര്‍ പ്രസാദ് സൂചന നല്‍കിയത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന, കോണ്‍ഗ്രസ് അംഗങ്ങളായ ആന്റോ ആന്റണിയുടെയും ശശി തരൂരിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണിയിലാണെന്ന് രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചത്.
നേരത്തെ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവും വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കില്ല എന്ന് പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടില്ല എന്നാണ് റാം മാധവ് പറഞ്ഞത്.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നത്.പ്രശ്നപരിഹാരത്തിനു നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
‘ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാര്‍ടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാര്‍ടിയുടെ മന്ത്രിയാണ് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം .
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചവര്‍ എവിടെ?’