തിരുവനന്തപുരം: സഭാ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെത് ഒരേ സമീപനമാണ്, സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ കോടതി, വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്നും പറഞ്ഞു. കട്ടച്ചല്‍, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശകാരം.
കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് ചോദിച്ച കോടതി, ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാനും അഭിഭാഷകനോട് നിര്‍ദേശിച്ചു. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു. സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു.