കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭിച്ചത് നരേന്ദ്രമോഡിയുടെ പേരിലുള്ള അപേക്ഷ. ഫോട്ടോയുടെ സ്ഥാനത്ത് ഒരു പാണ്ടയുടെ ചിത്രവും തെരുവിന്റെ പേരായി ചായക്കട എന്നുമാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷയില്‍ വയസ്സും ജനനതീയതിയും മൊബൈല്‍ നമ്പറുമൊക്കെ നല്‍കിയിട്ടുണ്ട്. വില്ലേജിന്റെ പേര് ഗുജറാത്ത് എന്നും പോസ്റ്റ് ഓഫീസായി കാണിച്ചിരിക്കുന്നത് കോഴിക്കോടുമാണ്. വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷയില്‍ വ്യാജഅപേക്ഷകളുണ്ടാവാറുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ പേരില്‍ അപേക്ഷ ലഭിക്കുന്നത് ആദ്യമായാണ്.
കോഴിക്കോട് താലൂക്ക് ഓഫീസില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷ പരിശോധിക്കുന്നതിനിടെയാണ് വ്യത്യസ്തമായ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടത്. വ്യാജപേരുകളിലും വിലാസങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നത് തടയാന്‍ സംവിധാനമില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്ക്കിടയാക്കുന്നത്.