തിരുവനന്തപുരം: പ്രായമായ പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ്ഐയെയാണ് മക്കള്‍ പൊള്ളുന്ന വെയിലില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മക്കള്‍ കൊയ്യൊഴിഞ്ഞിട്ടും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറായില്ല. മണിക്കൂറുകളോളം റോഡില്‍ ഇരിക്കേണ്ടി വന്ന പിതാവിന് തുണയായത് നാട്ടുകാരും പോലീസുമാണ്.
നോക്കാന്‍ ആളില്ലെന്ന കാരണത്താലാണ് മക്കള്‍ പിതാവിനെ റോഡില്‍ ഉപേക്ഷിച്ചത്. ഏഴ് ആണ്മക്കളുള്ള ഇദ്ദേഹവും ഭാര്യയും മകനൊപ്പമാണ് താമസം. ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവരെ കാണാനായി മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് പിതാവിനെ കസേരയിലാക്കി രാവിലെ എട്ടുമണിയോടെ വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്.
നാലുമണിക്കൂറോളം പൊള്ളുന്ന വെയിലില്‍ റോഡരികില്‍ ഇരിക്കുന്ന അദ്ദേഹത്തെക്കണ്ട് നാട്ടുകാര്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് അദ്ദേഹത്തെ മറ്റൊരു മകന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ താമസിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് മകന് പിതാവിനെ കൈയ്യൊഴിഞ്ഞു.
മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് പിതാവ് അഭ്യര്‍ത്ഥിച്ചതായും പോലീസ് പറയുന്നു.